Friday, September 21, 2012

ജില്ലാപോലീസ്‌ ചീഫിന്‌ വഴിയൊരുക്കുവാന്‍ തൊടുപുഴയില്‍ ഗതാഗതം തടഞ്ഞു



തൊടുപുഴ : ഗതാഗതകുരുക്ക്‌ കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന തൊടുപുഴയില്‍ ഇന്നലെ വൈകുന്നേരം ഒരു മണിക്കൂറോളം വന്‍ഗതാഗത കുരുക്ക്‌ ഉണ്ടായി. കെ.എസ്‌.ആര്‍.ടി.സി. ജംഗഷ്‌നില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വാഹന ഉടമകള്‍ സഹകരിച്ച്‌ ഗതാഗതം സുഗമമായി നടന്നുവരികയാണ്‌. ഇന്നലെ വൈകുന്നേരം 6.30 ഓടെ ഒരു അഡീഷണല്‍ എസ്‌.ഐ.യുടെ നേതൃത്വത്തില്‍ അഞ്ചോളം പോലീസുകാര്‍ ഇവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന്‌ ഇവര്‍ ഗതാഗതം നിയന്ത്രിക്കുവാന്‍ തുടങ്ങി. നാല്‌ വശത്തേക്കും സിഗ്നലുകള്‍ കാട്ടുവാന്‍ തുടങ്ങിയതോടെ നാല്‌ റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപം കൊണ്ടു.
ഇതിനിടെ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരോട്‌ ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ ഗതാഗതകുരുക്ക്‌ അനുഭവപ്പെട്ടു. ഒടുവില്‍ പോലീസ്‌ സംഘം മടങ്ങിയതോടെയാണ്‌ ഗതാഗതകുരുക്ക്‌ ഒഴിവായത്‌. ജില്ലാപോലീസ്‌ ചീഫ്‌ തൊടുപുഴ വഴി കടന്നുപോകുന്നുവെന്ന സന്ദേശമാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ഗതാഗതം നിയന്ത്രിക്കുവാന്‍ പ്രേരിപ്പിച്ചതത്രേ. മേലുദ്യോഗസ്ഥന്‌ വഴിയൊരുക്കാനാണ്‌ വഴിയാത്രക്കാരെ മുഴുവന്‍ തടഞ്ഞിട്ടത്‌. എന്തായാലും തൊടുപുഴയിലൂടെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വരുമ്പോഴെല്ലാം ഈ സ്ഥിതി തുടരുവാനാണ്‌ സാധ്യത. 

ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കിയെന്നാരോപിച്ച് എ.എസ്.ഐ. ആത്മഹത്യചെയ്തു

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് എ.എസ്.ഐ ആത്മഹത്യചെയ്തു. സിറ്റി കണ്‍ട്രോള്‍ റും എ.എസ്.ഐ വിളവൂര്‍ക്കല്‍ പനയേ്ക്കാട് കുരിശുമുട്ടം ശ്രീവരേണ്യയില്‍ ശ്രീകണ്ഠന്‍ നായര്‍ (56) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ജഗതിയിലെ ഒരു ലോഡ്ജിലാണ് ശ്രീകണ്ഠന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ തടയുന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീകണ്ഠന്‍ നായര്‍ മരിക്കുന്നതിനു മുന്‍പെഴുതിയ കത്തില്‍ പറയുന്നു.

എട്ടു വര്‍ഷം മുമ്പ് കന്‍േറാണ്‍മെന്റ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരിക്കെ ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ കോടതി രേഖകള്‍ തിരുത്തിയെന്ന പേരില്‍ കേസെടുത്തിരുന്നു. വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കൊണ്ടു പോയ ചില രേഖകള്‍ തിരുത്തിയതിനാണ് പോലീസ് കേസെടുത്തത്.

ഈ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. അച്ചടക്കനടപടി ഉണ്ടാകാനുള്ള കേസ് നിലനില്‍ക്കുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വൈകും. ഇത് മകളുടെ വിവാഹക്കാര്യം അടക്കമുള്ളവയെ ബാധിക്കുമെന്നാണ് കുറിപ്പ്. എന്നാല്‍ ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ മുതലുള്ള ഉദ്യാഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ തന്നെ മാത്രം പ്രതിയാക്കി മറ്റുള്ളവര്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നാണ് കത്ത്. പെന്‍ഷനും ആനകൂല്യങ്ങളും വൈകുമെന്നതിനാല്‍ ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കുറേ നാളുകളായി വിഷമത്തിലായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

ഭാര്യ: അനിതകുമാരി. മക്കള്‍: ശ്രീജിത്, ശ്രീപൂജ

Saturday, October 1, 2011

പോലീസ്‌ കൈക്കൂലി വാങ്ങി; യു.ഡി.എഫ്‌. യോഗത്തില്‍ ലീഗിനു പ്രതിഷേധം

തൊടുപുഴ: ഡി.സി.സി. പ്രസിഡന്റ്‌ ഇടപെട്ടിട്ടും പ്രതിയില്‍നിന്നു പോലീസ്‌ കൈക്കൂലി വാങ്ങിയെന്ന ആരോപണം യു.ഡി.എഫ്‌. നിയോജകമണ്ഡലം യോഗത്തില്‍ ഒച്ചപ്പാടിനു കാരണമായി. പോലീസ്‌ നടപടിയില്‍ മുസ്ലീം ലീഗ്‌ നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചു.
ലീഗ്‌ പ്രവര്‍ത്തകനും കോണ്‍ഗ്രസ്‌ നേതാവിന്റെ മകനുമായ വ്യക്‌തിയുടെ കടയില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പോലീസ്‌ പ്രതിക്കു അനുകൂലമായ നിലപാടെടുത്തത്രേ. പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ വിളിച്ചുപറഞ്ഞു. എന്നാല്‍, പ്രതിയില്‍നിന്നു പതിനായിരം രൂപ ഒരുദ്യോഗസ്‌ഥനുവേണ്ടി പോലീസുകാരന്‍ വാങ്ങി. തുടര്‍ന്നു അനുരഞ്‌ജനത്തിനു പലവിധത്തില്‍ സമ്മര്‍ദമുണ്ടായി. മുസ്ലീം ലീഗിനു മാനക്കേടുണ്ടാക്കുന്ന വിധത്തില്‍ സംഭവം ഒത്തുതീര്‍ത്തു.
ഇതില്‍ യോഗത്തില്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. കൈക്കൂലിക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥരെ വച്ചുപൊറുപ്പിക്കരുതെന്നു അവര്‍ ആവശ്യപ്പെട്ടു. ഭരണം മാറിയിട്ടും അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കാനായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, മുസ്ലീം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ടി.എം.സലിം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു പോലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്‌.
സംഭവത്തെക്കുറിച്ചു അന്വേഷിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാമെന്നും യോഗത്തില്‍ ലീഗ്‌ നേതാക്കള്‍ക്കു ഉറപ്പുനല്‍കി.

Friday, September 30, 2011

പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി

ചെറുതോണി: കള്ളു മണപ്പിക്കാന്‍ സമയമേറെ വഴിയോരത്തു ചെലവഴിച്ച പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി. നാട്ടില്‍ കള്ളന്മാരുടെ ശല്യം പെരുകുകയാണെന്നും മോഷണം നിത്യസംഭവമാണെന്നും പരാതി ഉയര്‍ന്നെങ്കിലും പൊലീസിനു കള്ളടിക്കാരെ പിടികൂടുന്നതിനു മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. അന്തിനേരങ്ങളില്‍ ആണുങ്ങള്‍ ഇല്ലാത്ത വീടുകളുടെ കതകില്‍ തട്ടി മോഷ്‌ടാക്കള്‍ നടത്തുന്ന കളവും ഭീതിയും ഏറെനാളായി പരിഭ്രാന്തി വിതച്ചെങ്കിലും പൊലീസ്‌ പേരിനൊരു അന്വേഷണം പോലും നടത്തിയിരുന്നില്ല.

കള്ളനെ പിടിക്കാന്‍ പൊലീസ്‌ തുടര്‍ച്ചയായി എത്താത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ ജനകീയ സ്‌ക്വാഡ്‌ രൂപീകരിച്ചു. അന്തിമയങ്ങുമ്പോള്‍ തസ്‌കരര്‍ എത്തുന്ന വാഴത്തോപ്പിലും തടിയംപാടും മണിയാറന്‍കുടിയിലും മറ്റും നാട്ടുകാരുടെ സംഘം സജീവമായിരുന്നു. ഏറെനാളായി വിലസിയിരുന്ന കള്ളസംഘം ഒരുനാള്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. തുടരെത്തുടരെ മോഷണം നടത്തി വിലസിയ സംഘത്തെ പിടികൂടിയതും നാട്ടുകാരുടെ ജാഗ്രത തന്നെ. ഭൂമിയാംകുളം ഭാഗത്ത്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്കു സംശയാസ്‌പദമായി കണ്ട കാറിന്‌ നട്ടുകാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന്‌്‌ അമിതവേഗത്തില്‍ പാഞ്ഞ കാറിനെക്കുറിച്ചു ഭൂമിയാംകുളം സ്വദേശികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വാഴത്തോപ്പുകാര്‍ പിടികൂടുകയായിരുന്നു.

നാട്ടുകാരുടെ പരിശോധനയില്‍ കാറില്‍നിന്നു കണ്ടെടുത്തതു കഠാരികളും മുളകുപൊടിയും കുറുവടിയും കമ്പിവടികളുമായിരുന്നു. എന്തായാലും മോഷ്‌ടാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ ലോക്കല്‍ പൊലീസ്‌ പറഞ്ഞ സമയത്തുതന്നെ എത്തി. കള്ളുമണം പിടിച്ചെടുക്കാന്‍ സമയമേറെ ചെലവഴിക്കുന്ന പൊലീസ്‌, കള്ളന്‍മാരെ പിടികൂടാന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ക്കു സൈ്വരമായി ഉറങ്ങാമല്ലോയെന്നാണു പ്രദേശവാസികള്‍ ചോദിക്കുന്നത്‌.

കള്ളന്‍മാര്‍ പിടിയില്‍; പിടിയിലായതു മോഷണ പരമ്പര തീര്‍ത്ത ആറ്‌ തസ്‌കരന്‍മാര്‍

ചെറുതോണി: കഴിഞ്ഞ ഒരുമാസക്കാലമായി ജില്ലാ ആസ്‌ഥാനത്തു മോഷണപരമ്പരകള്‍ തീര്‍ത്ത കള്ളന്‍മാരെ നാട്ടുകാര്‍ പിടികൂടി. ബുധനാഴ്‌ച മൂന്നിന്‌ വാഴത്തോപ്പിലാണു നാട്ടുകാരുടെ സ്‌ക്വാഡ്‌ കള്ളന്മാരെ പിടികൂടിയത്‌. പെരുമ്പാവൂര്‍ വെങ്ങോല പുത്തന്‍പാലത്തില്‍ ഷാജഹാന്‍ (30), ചെറുതോണി ഗാന്ധിനഗര്‍ കണ്ണാംപറമ്പില്‍ സാബു (41), മണിയാറന്‍കുടി പെരുങ്കാല കൊടിഞ്ഞി സുരേഷ്‌ (45), മണിയാറന്‍കുടി ആനക്കൊമ്പന്‍ വടക്കേമലയില്‍ സജികുമാര്‍ (33), ചെറുതോണി മലയില്‍ രഘു (49), മണിയാറന്‍കുടി കരിപ്പാമറ്റത്തില്‍ കൊച്ചുമോന്‍ (43) എന്നിവരെയാണു നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്‌.

പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.സംഘത്തലവന്‍ മണിയാറന്‍കുടി പള്ളിക്കുന്നേല്‍ പത്രോസ്‌ എന്നയാള്‍ ഒളിവിലാണെന്നു പൊലീസ്‌ പറഞ്ഞു. പ്രതികളില്‍ ഷാജഹാന്റെ പേരില്‍ മോഷണക്കുറ്റങ്ങള്‍ക്കു പെരുമ്പാവൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഇടുക്കിയില്‍ നേരത്തെ നടന്ന മുഖംമൂടി ആക്രമണത്തില്‍ പ്രതിയാണു രഘു. കുഴമ്പ്‌, തൈലം വില്‍പന എന്ന പേരില്‍ പഴയൊരു അംബാസഡര്‍ കാറില്‍ പ്രദേശത്തു ചുറ്റിനടന്ന പ്രതികള്‍ മണിയാറന്‍കുടിയില്‍ കൊച്ചുമോന്റെ വീട്ടിലാണു ക്യാംപ്‌ ചെയ്‌തിരുന്നത്‌. ഇവിടെ താമസിച്ചു പദ്ധതികള്‍ ആസൂത്രണം നടത്തുകയായിരുന്നു ഇവരുടെ പതിവ്‌.

പഴഞ്ചന്‍ അംബാസഡര്‍ കാറില്‍നിന്നു കുറുവടികള്‍, പിച്ചാത്തി, ചുറ്റിക, ഇരുമ്പുവടി, മുളകുപൊടി എന്നിവ പൊലീസ്‌ കണ്ടെടുത്തു. ഇനിയും പിടികൂടാനുള്ളവരെക്കുറിച്ചും സംഘത്തലവനെക്കുറിച്ചും
അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു. ജില്ലയില്‍ മറ്റിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നതിനെ സംബന്ധിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തും. എസ്‌ഐ: ടി.ഡി. സുനില്‍കുമാര്‍, എഎസ്‌ഐമാരായ വി. ജോണി, സുരേന്ദ്രന്‍, മത്തായി, സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ മധു, സിയാദ്‌, സെബാസ്‌റ്റിയന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Saturday, August 6, 2011

പിതാവിന്റെ മര്‍ദനമേറ്റു മരിച്ച ഷജിത്തിന്റെ വീട്ടുകാര്‍ക്കു പോലീസിന്റെ സാന്ത്വനം

ചെറുപുഴ(കണ്ണൂര്‍): മദ്യലഹരിയില്‍ പിതാവിന്റെ ക്രൂരമായ മര്‍ദനത്തിനു വിധേയമായി ദാരുണമായി മരിച്ച ഷജിത്തിന്റെ വീട്ടിലേക്കു സഹായവും ആശ്വാസവചനങ്ങളുമായി പോലീസ്‌സംഘമെത്തി.മാനസികമായി തളര്‍ന്ന ഷജിത്തിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും മുന്നില്‍ ആശ്വാസവാക്കുകളുമായി പയ്യന്നൂര്‍ സിഐ പി.കെ. സുധാകരന്‍, പെരിങ്ങോം എസ്‌ഐ മുത്തത്ത്‌ ലക്ഷ്‌മണന്‍, അഡീഷണല്‍ എസ്‌ഐ ടി.കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘമെത്തിയത്‌.പയ്യന്നൂര്‍, പെരിങ്ങോം പോലീസ്‌ സ്റ്റേഷനുകളിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വന്തംനിലയില്‍ സമാഹരിച്ച 25,000 രൂപയും രണ്‌ടു വ്യക്തികള്‍ ചേര്‍ന്നു നല്‍കിയ 10,000 രൂപയും ചേര്‍ത്ത്‌ 35,000 രൂപയാണ്‌ ഇവര്‍ കുടുംബത്തിനു കൈമാറിയത്‌. വീട്ടിലേക്കു രണ്‌ടുചാക്ക്‌ അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും പോലീസ്‌ സംഘം നല്‌കി. മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഷജിത്തിന്റെ പിതാവ്‌ ഷാജി റിമാന്‍ഡിലാണ്‌.

സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടി ഷജിത്തിന്റെ സഹോദരങ്ങളുടെ ഭാവി നശിക്കാതിരിക്കാനാണു കുടുംബത്തിനു സഹായമെത്തിക്കാന്‍ തീരുമാനിച്ചതെന്നു സിഐ പി.കെ. സുധാകരന്‍ പറഞ്ഞു. തകര്‍ന്ന കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു നാട്ടുകാര്‍ക്കിതു പ്രചോദനമാകട്ടെയെന്നും സിഐ പറഞ്ഞു. മാനസികാഘാതത്തില്‍നിന്നു മോചനം ലഭിക്കാന്‍ അടുത്തയാഴ്‌ച ഷജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ പയ്യന്നൂരില്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ശാസ്‌ത്രീയ കൗണ്‍സലിംഗ്‌ നല്‍കും. പോലീസ്‌ സംഘം സാമ്പത്തിക സഹായവുമായി വീട്ടിലെത്തിയത്‌ അദ്‌ഭുതത്തോടെയാണു നാട്ടുകാര്‍ കണ്‌ടത്‌.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോഷി ജോസ്‌, വൈസ്‌പ്രസിഡന്റ്‌ ശ്യാമള സോമന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബേബി കളത്തില്‍, പഞ്ചായത്തംഗം മാത്യു കാരിത്താങ്കല്‍, ചൂരപ്പടവ്‌ പള്ളിവികാരി ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നിറഞ്ഞ കണ്ണുകളോടെ പണവും സാധനങ്ങളും രജനിയും മക്കളും ഏറ്റുവാങ്ങുന്നത്‌ കണ്‌ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.കുടുംബത്തെ കൂടുതല്‍ സഹായിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ നാളെ ചൂരപ്പടവ്‌ ഹോളിക്രോസ്‌ പള്ളിഹാളില്‍ നാട്ടുകാരുടെ യോഗം ചേരുമെന്നു ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടിലും പഞ്ചായത്ത്‌ അംഗം മാത്യു കാരിത്താങ്കലും അറി യിച്ചു.