ഒരു മാധ്യമ പ്രവര്‍ത്തകനു നേര്‍ക്കുണ്ടായ വധ ശ്രമക്കേസില്‍ കൊല്ലത്തെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതി കൊല്ലപ്പെടുകയും ചെയ്തു. കൊലക്കേസിലും വധശ്രമക്കേസിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിന്‍റെ നാണക്കേടിലാണു കൊല്ലം ജില്ലാ പൊലീസ്. അതിന്‍റെ ചൂടാറും മുന്‍പ്, കൊല്ലം നഗരത്തിന്‍റെ ഹൃദയഭാഗത്ത്, ക്രൈം ബ്രാഞ്ച് ഓഫീസിനു തൊട്ടടുത്ത്, പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒരു സബ് ഇന്‍സ്പെക്റ്റര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഈ കേസില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും ഉറ്റ സുഹൃത്തും അയാളുടെ കൂട്ടാളിയുമായ ഗൂണ്ടയും കസ്റ്റഡിയിലാണ്.
കേരള പൊലീസിന്‍റെ വികൃതമുഖത്തിന്‍റെ പരിച്ഛേദമാണ് ഈ ദിവസങ്ങളില്‍ കൊല്ലത്തു കാണുന്നത്. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്തി പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്, ഗൂണ്ടകളുമായിച്ചേര്‍ന്നു സ്വയം അക്രമികളാകുന്നതിന് ഇപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങള്‍ ധാരാളം മതി. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുന്നു എന്നു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം കൂടി ഇവിടെ കൂട്ടിവായിക്കണം.
മാധ്യമപ്രവര്‍ത്തകനു നേര്‍ക്കു നടന്ന വധശ്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍ അറസ്റ്റിലായതു പൊലീസ് സേനയ്ക്കു നാണക്കേടു മാത്രമല്ല, നടുക്കവും ഉണ്ടാക്കിയിരുന്നു. ഏതെങ്കിലും സ്ഥലത്ത് ഒരു അനിഷ്ട സംഭവമുണ്ടായാല്‍ കുറച്ചു നാളത്തേക്കെങ്കിലും അവിടെ പൊലീസ് സാന്നിധ്യവും നിരീക്ഷണവും സാധാരണമാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തും മറ്റു മുന്‍കരുതലുകളെടുത്തും ക്രമസമാധാനം ഉറപ്പുവരുത്തും. എന്നാല്‍, കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നു തുമ്മിയാല്‍ കേള്‍ക്കുന്ന ദൂരത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സില്‍, പതിവായി ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഉദ്യോഗസ്ഥരും അവരുടെ ഗൂണ്ടാസംഘങ്ങളും പതിവായി മദ്യപിക്കുകയും പരിസരവാസികളായ പൊലീസുകാര്‍ക്കു തന്നെ ശല്യമുണ്ടാക്കുകയും ചെയ്തിട്ടും പൊലീസ് നിശബ്ദത പാലിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയവരെക്കുറിച്ച് പരിസരത്തുള്ള മറ്റു പൊലീസുകാര്‍ക്ക് അറിയില്ലായിരുന്നു എന്നു കരുതാനാവില്ല. രണ്ടു മാസമായി സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന രാജശേഖരന്‍ നായര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ക്കു പത്തനംതിട്ട എആര്‍ ക്യാംപിലായിരുന്നു നേരത്തേ ജോലി. എന്നിട്ടും അയാള്‍ കൊല്ലത്തെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിരുന്നില്ല. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് ഇന്‍സ്പെക്റ്ററാണു മുഖ്യപ്രതി അജിത്. ഇയാളും കുറച്ചു കാലമായി ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല എന്നു പൊലീസ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഇവര്‍ക്കെതിരേ വകുപ്പുതല നടപടി കൈക്കൊള്ളാന്‍ എന്തുകൊണ്ട് അധികൃതര്‍ക്കായില്ല?
നാലാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കു താമസിച്ച്, രാജശേഖരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പതിവായി മദ്യസല്‍ക്കാരം നടത്തിയ അജിത്തിനെ സഹപ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു എന്നു വ്യക്തം. തലങ്ങും വിലങ്ങും പൊലീസ് സംഘം ചുറ്റിത്തിരിയുന്ന പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അസമയത്തു നടന്ന ഭീകരകൊലപാതകത്തെക്കുറിച്ച്, ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിവരം ലഭിച്ചില്ലെങ്കില്‍, നഗരഹൃദയത്തിലും ഗ്രാമാന്തരത്തിലും കഴിയുന്ന സാധാരണ ജനങ്ങളുടെ ജീവന് കേരള പൊലീസ് എന്തു സംരക്ഷണം നല്‍കും?
സേനയിലെ ഏതെങ്കിലും അംഗത്തിന് അച്ചടക്കരാഹിത്യമോ സ്വഭാവവൈകല്യമോ ഉണ്ടെങ്കില്‍ അത്തരക്കാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരല്ല. കാരണം, പൊതുജനങ്ങള്‍ക്കു മാത്രമല്ല, സേനയ്ക്കു തന്നെയും അവര്‍ ബാധ്യതയാകും. കമ്മ്യൂനിറ്റി പൊലീസിങ് സമ്പ്രദായം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊലീസിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും കസ്റ്റഡി മരണങ്ങള്‍ പെരുകുകയാണ്. ഏതുതരം മാഫിയ സംഘത്തിനു മുന്നിലും പിന്നിലും പൊലീസിന്‍റെ സാന്നിധ്യം അനുഭവേദ്യം. ഫ്ളാറ്റ് തട്ടിപ്പു മുതല്‍ മണി ചെയ്ന്‍ വരെയും, മണല്‍ കടത്തു മുതല്‍ സ്പിരിറ്റ് കച്ചവടം വരെയും, വണ്ടിപിടുത്തം മുതല്‍ ക്വട്ടേഷന്‍ സംഘം വരെയും നീളുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്. മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ച്, സഹോദരങ്ങളായ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലുണ്ട് കേരള പൊലീസ്. കൊല്ലത്തു സംഘം ചേര്‍ന്നു മദ്യപിച്ച് അഴിഞ്ഞാടിയ കേസ് വാര്‍ത്തയായതാണു ഡിവൈഎസ്പിയെ പ്രകോപിതനാക്കിയത്. കളവു മുതല്‍ പങ്കു വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം തിരുവനന്തപുരത്തു ഫോര്‍ട്ട് സ്റ്റേഷനില്‍ യുവാവിന്‍റെ ഉരുട്ടിക്കൊലയില്‍ കലാശിച്ചു. എവിടെയാണു കേരള പൊലീസിന്‍റെ നീതിബോധം?
ഈ സാഹചര്യത്തില്‍ പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ നിയമപരമായ പുതിയ കാഴ്ചപ്പാടു വേണമെന്ന ഹൈക്കോടതി വിധി അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിയമിക്കുന്നതും നിയമനം ലഭിക്കുന്നവര്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതും തടയാന്‍ ശക്തമായ നിയമനിര്‍മാണം തന്നെ വേണ്ടിയിരിക്കുന്നു, വളരെ അടിയന്തരമായി.
കടപ്പാട് - മെട്രോ വാര്‍ത്ത